Subscribe:

Ads 468x60px

A
**സ്നേഹതീരത്തിലേയ്ക്ക് സ്വാഗതം H A P P Y I N D I P E N D E N C E D A Y **

Featured Posts

Monday, October 10, 2011

അറസ്റ്റു ചെയ്യുന്നതിന് പകരം വെടി വെയ്ച്ചു:പി ബിജു

അറസ്റ്റു ചെയ്യുന്നതിന് പകരം വെടിവെച്ചു: പി ബിജു

p-biju

നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് വിവാദമായിരിക്കയാണ്. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ടാണ് വെടിയുതിര്‍ത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി വെടിവെക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വെടിവെപ്പ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചതായാണ് ദൃക്‌സാക്ഷികളും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാന്‍ സംവിധാനമുണ്ടായിട്ടും അത് ചെയ്യാതെ പെട്ടെന്ന് തന്നെ വെടിവെപ്പ് നടത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. വിദ്യാര്‍ത്ഥി സമരം അക്രമാസക്തമാകുന്നത് കേരളത്തില്‍ ഇതാദ്യമല്ല. അതു തന്നെ വെടിവെക്കാന്‍ തക്ക സംഘര്‍ഷം അവിടെ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുമാണ്.

വെടിവെപ്പ് നടത്തിയ രാധാകൃഷ്ണപ്പിള്ളക്കെതിരെ നേരത്തെ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐസ്‌ക്രീം കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ജെയ്‌സണ്‍ കെ എബ്രഹാമിനെ സ്ഥലം മാറ്റിയാണ് രാധാകൃഷ്ണപ്പിള്ളയെ ഇവിടെ നിയമിച്ചത്. ഭരണകക്ഷിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങിനെ നിയമിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജു സമരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും ഡൂള്‍ന്യൂസ്പ്രതിനിധികളുമായി സംസാരിക്കുന്നു.

കോളജിന് മുന്നില്‍ സംഭവിച്ചതെന്താണ്?
കഴിഞ്ഞ ഒന്നര മാസമായി കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് ആധാരമായ വിഷയം 2009ല്‍ 22787 ാം റാങ്കുകാരനെ ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളജില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് കോളജുകളിലൊന്നായ കോഴിക്കോട് എഞ്ചിനീയറിങ് കോളജില്‍ സര്‍ക്കാറിന്റെ തെറ്റായ ഉത്തരവിനെതിരെയാണ് സമരം. ജനാധിപത്യ രീതിയിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ആ സമരത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയും കോളജ് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. 150 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് സമരത്തിനുണ്ടായിരുന്നത്.

സാധാരണ ഉപരോധം പ്രഖ്യാപിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഞങ്ങള്‍ ഇവിടെ സമരം ചെയ്യുമ്പോള്‍ പോലീസ് കോളജിന്റെ പിറകിലൂടെ വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്നു. ഈ വിഷയത്തില്‍ പോലീസുമായി സംസാരിച്ചു തുടങ്ങിയ ഉടന്‍ തങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടാവുകയായിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ജലപീരങ്കിയോ ബാരിക്കേഡോ ഇവിടെ ഉപയോഗിക്കപ്പെട്ടില്ല. ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച സമരത്തെ നേരിടുന്ന രീതിയല്ല ഇവിടെ കണ്ടത്.

സാധാരണ ഗതിയില്‍ നേരത്തെ മാര്‍ച്ച് പ്രഖ്യാപിച്ചാല്‍ ഒരു ബാരിക്കേഡെങ്കിലും പോലീസ് നിരത്തും. സമരം നടക്കുമ്പോള്‍ ഞങ്ങള്‍ 70 ഓളം പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. 80 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ കഴിയുമായിരുന്നു. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റാമായിരുന്നു. എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭീകരമായി ലാത്തി ചാര്‍ജ് നടത്തുകയാണ് പോലീസ് ചെയ്തത്. സാധാരണഗതിയില്‍ ക്യാംപിലെ പോലീസുകാരാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെടാറ്. എന്നാല്‍ ഇവിടെ അങ്ങിനെയല്ലായിരുന്നു. എസ്.ഐ, സി.ഐ തുടങ്ങി പോലീസ് ഉദ്യാഗസ്ഥരാണ് ഞങ്ങളെ നേരിട്ടത്.

സര്‍ക്കാര്‍ ഒരു നിയമവിരുദ്ധ ഉത്തരവിറക്കുക, പ്രശസ്തമായ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് രണ്ടരമാസം അടച്ചിടുന്ന സാഹചര്യമുണ്ടാവുക, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി നേരിടുക എന്നതാണ് ഇവിടെയുണ്ടായ സ്ഥിതി.

ഞങ്ങള്‍ പ്രകോപനമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്ത് പ്രകോപനമുണ്ടാക്കിയാലും തങ്ങള്‍ ചുരുക്കം ചിലര്‍ മാത്രമേ അവിടെയുള്ളൂ. ബാരിക്കേഡോ ജലപീരങ്കിയോ അവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. ഒന്നരമാസമായി സമരത്തിലുള്ള വിഷയമാണിത്.

sfi-students

പോലീസ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കാന്‍ കാരണം?

സര്‍ക്കാറിന് ഒരു നിയമവും ബാധകമല്ല എന്നുള്ളതാണ് സ്ഥിതി. നിയമവിരുദ്ധമായ ഉത്തരവിറക്കിയ സര്‍ക്കാര്‍ അതിനെതിരെ സമരം ചെയ്യുന്നവെരെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത്. 150 ഓളം പേര്‍ വരുന്ന സമരസംഘത്തെ പോലീസ് ഇങ്ങിനെയാണോ നേരിടേണ്ടത്. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി സമരം അവസാനിപ്പിക്കാനാണ് നീക്കം. അത് നടക്കില്ല.

വെടിവെപ്പ് നടത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഇത്തരത്തില്‍ ഇടപെടാന്‍ കാരണം? അദ്ദേഹത്തിന് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടോ?

പോലീസ് ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യമുണ്ട്. നടക്കാവ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. അല്ലാതെ ഇത്രയും ചെറിയ സംഘമായ ഞങ്ങളെ ഇങ്ങിനെ അക്രമിക്കാന്‍ ധൈര്യം ലഭിക്കുമായിരിന്നില്ല. ഒന്നാമതായി ഞങ്ങളുടെ നമ്പര്‍ വളരെ ചെറുതാണ്. ആയിരമോ പതിനായിരമോ ഉണ്ടെങ്കില്‍ പ്രശ്മമില്ല. സമരത്തെ എങ്ങിനെയും നേരിടാം, തന്നെ സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളുമെന്ന ബോധ്യമാണത്. ധാര്‍ഷ്ഠ്യമാണ്.

എല്ലാവര്‍ക്കും അറിയാമത്. ഒരു എ.സിക്ക് നൂറ് പേര്‍ വരുന്ന സമര സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സ്വന്തം നിലയില്‍ കഴിയില്ല. അതിന് മുകളില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുണ്ടാവും. എസ്.എഫ്്.ഐ ഭീകര സംഘടനയൊന്നുമല്ലല്ലോ… ഞങ്ങള്‍ ഇതിന് മുമ്പും സമരം ചെയ്തിട്ടുണ്ടല്ലോ…സര്‍ക്കാറും യു.ഡി.എഫും ഇതിന് മറുപടി പറയേണ്ടി വരും. ഇത്തരം വെടിവെപ്പ് കൊണ്ടൊന്നും എസ്.എഫ്.ഐയുടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ സംഘടനയും ഇടതുപക്ഷ യുവജയ സംഘടനകളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരും. ഐ.പി.എസ് കാഡറിലുള്ളവര്‍ പോലും ഇത്തരത്തില്‍ സാധാരണ ചെയ്യാറില്ല.ഇത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. കുട്ടികളെ പേടിപ്പിക്കുകയാണ്.

നാളെ നിയമസഭയായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഉടന്‍ ഇറക്കിവിടണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഇതിനായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായ നിലപാടാണിത്. അധികാരത്തിലിരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള നിലപാടാണിത്. സര്‍ക്കാറിന് ഇതില്‍ നിന്ന് പിന്‍മാറേണ്ടി വരും. പിന്‍മാറുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പിന്‍മാറുന്ന പ്രശ്‌നമില്ല. പി.ടി തോമസിന്റെ പി.എ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തീര്‍ക്കേണ്ട പ്രശ്‌നമാണ്. അതിന് വേണ്ടി നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരും. ഇത്തരം ഭീഷണിക്കു മുമ്പില്‍ വഴങ്ങിക്കൊടുത്താല്‍ അത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും.

ഇത് കേരളമോ ബീഹാരോ ???


''കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി''
ബസ് യാത്രക്കാരനായ യുവാവിനെ തല്ലികൊന്നത് കെ സുധാകരന്‍ എം പി യുടെ ഗണ്‍മാന്‍


പോക്കറ്റടി ആരോപിച്ച് നിരപരാധിയായ യുവാവിനെ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്റെ നേതൃത്വത്തില്‍ അടിച്ചുകൊന്നു. പാലക്കാട് പെരുവെമ്പ് സ്വദേശി തങ്കായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (35) വാണ് കൊല്ലപ്പെട്ടത്. ഗണ്‍മാന്‍ തിരുവനന്തപുരം ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിള്‍ സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏഴിന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സതീഷും സന്തോഷും രഘുവും തൃശൂര്‍ -ചടയമംഗലം സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്രക്കാരായിരുന്നു. പെരുമ്പാവൂര്‍ ടൗണിനടുത്ത വ്യവസായ സ്ഥാപനത്തില്‍ മെഷീന്‍ ഓപ്പറേറ്ററായ രഘു ജോലിക്കു വരികയായിരുന്നു. യാത്രയ്ക്കിടെ 10,000 രൂപ കാണാതായെന്ന് സന്തോഷ് പരാതിപ്പെട്ടു. തുക രഘു എടുത്തുവെന്നാരോപിച്ച് സതീഷും സന്തോഷും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷവും മര്‍ദനം തുടര്‍ന്നു. അവശനായ രഘുവിനെ പൊലീസ് പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന കെ സുധാകരനെ അനുഗമിക്കാനാണ് ഗണ്‍മാന്‍ വന്നത്. സുധാകരന്‍ നെടുമ്പാശേരിയില്‍ വരുമ്പോള്‍ പെരുമ്പാവൂരിനടുത്ത പുല്ലുവഴിയിലെ ബാറുടമയുടെ കാറാണ് ഉപയോഗിക്കുക........

ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ഗുണ്ടകള്‍ വിളയാടുന്നു പോലീസ്‌ ഗുണ്ടകളും കൊട്ടേഷന്‍ ഗുണ്ടകളും കൂടി നാടിനെ കൊലക്കളം ആക്കി മാറ്റിക്കൊണ്ടിരിക്കയാണ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തും രണ്ടു പേര്‍ കൊല്ലപ്പെട്ടിരിന്നു .....ഒരാഴ്ച കൊണ്ട് കേരളത്തില്‍ ഗുണ്ട ആക്രമണവുമായി ബന്തപ്പെട്ടു കൊല്ലപ്പെട്ടത് അഞ്ചു പേര്‍ ....
ഗുണ്ട ആക്രമണത്തില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയെന്നു കണക്കില്ല !!!! ..അതിവേഗം ബഹു ദൂരം പദ്ദതിയില്‍ ഇതും ഉള്‍പ്പെടുമോ ആവോ ????

Sunday, October 9, 2011

പീ സീ സ്പീക്കിംഗ് ...


പീസീ സ്പീക്കിംഗ്

രംഗം ഒന്ന്..


പൂഞ്ഞാറ്റിലെ വീട്. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ആരുമില്ല. ഫോണ്‍ മണിയടിക്കുന്നു. കൈയില്‍ ഫോട്ടോസ്റ്റാറ്റെന്ന് തോന്നിപ്പിക്കുന്ന രേഖകളുമായി പി.സി. പ്രവേശിക്കുന്നു.


ഹലോ...

ഹലോ..പീസിയുടെ വീടല്ലേ

അതേ..

അത്യാവശ്യമായി പി.സി.യെ വേണമായിരുന്നു..

സ്പീക്കിംഗ്

ഇത് ഒബാമയാണ് വിളിക്കുന്നത്..

ഒബാമയോ? നമ്പറ് വിട്.. റിപ്പോര്‍ട്ടര്‍ ചാനലീന്നല്ലേ? സത്യം പറ..

സത്യം...കര്‍ത്താവാണേ..ഞാന്‍ ഒബാമയാണ്

അതിനു ഒബാമ മലയാളം സംസാരിക്കൂലല്ലോ?

ഒരു ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ ഗഡീ...

എന്നാ കോഡ് പറ...

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി

മതി മതി..കാര്യം പറ ഒബാമേ..

പി.സി.അഫ്ഗാനിസ്ഥാന്‍ വരെ ഒന്ന് അര്‍ജന്റായി വരണം..

ഇന്ന് പറ്റൂല്ല...സെബാസ്റ്റ്യന്‍ പോളിനും വി.എസിനും ഇട്ട് ചില പണികള്‍ കൊടുക്കാനുണ്ട്..നാളെ വന്നാല്‍ മതിയോ?

മതി..വന്നിട്ട് ആ കൂതറ താലിബാന്‍‌കാരോട് കുറച്ച് പ്രസ്താവനകള്‍ നടത്തണം..അവന്മാരെ ഒഴിവാക്കാന്‍ ഇതല്ലാതെ ഒരു വഴിയും കാണുന്നില്ല പീസീ

എന്തോന്ന് പ്രസ്താവന..

ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്, ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് ഇവരുടെ ഭാഷയിലും കാച്ചണം..

അതിനെനിക്ക് ആ ഭാഷ അറിയില്ലല്ലോ..

അവരുടെ ഭാഷയില്‍ പറയാനുള്ളതൊക്കെ നല്ല പച്ച മലയാളത്തില്‍ സി.ഐ.എ തയ്യാറാക്കിയിട്ടുണ്ട്. അത് വായിച്ചാല്‍ മാത്രം മതി..

വണ്ടി അയക്കുമോ?

എയര്‍ഫോഴ്സ് വണ്‍ പുറപ്പെട്ടു കഴിഞ്ഞു...

എന്നാലും ഒരു കണ്ടീഷന്‍ ഉണ്ട്..

എന്താ?

അവിടെ ഷിക്കാഗോയിലോ മറ്റോ ഒരു കോണ്‍ഗ്രസ് ഹോട്ടല്‍ ഇല്ലേ? കുതിരേടെ പ്രതിമ ഒക്കെ ഉള്ളത്..ഈ മല്ലു ബ്ലോഗേഴ്സൊക്കെ പടമിട്ട് കളിക്കുന്ന ഒരു ഹോട്ടല്‍

ഉവ്വ്..

അതിന്റെ പേര് കേരള കോണ്‍ഗ്രസ് ഹോട്ടല്‍ എന്നാക്കണം..

ഡണ്‍ മച്ചു.


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് തെങ്കാശിപ്പട്ടണത്തിലെ ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..നിനക്ക് അപാര ഡിമാന്‍ഡാഡാ പന്നീ...



രംഗം രണ്ട്



പൂഞ്ഞാറ്റിലെ അതേ വീട്. അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ഒന്നാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..


ഹലോ പി.സി.സാറിന്റെ വീടല്ലേ?

അതേ..

ഇത് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ റെയ്മണ്ടാണ് സര്‍..

ഒബാമേടെ കൂട്ട് താനും മലയാളം പഠിച്ചോ?

ഈ പോലീസുകാര്‍ക്ക് അങ്ങനെ വല്ലതും ഉണ്ടോ സാര്‍..ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ..

മലയാള ഭാഷ വളരുന്നു മാമലകള്‍ കടന്നുംന്ന് കവി വെറുത പാടിയതല്ല...എന്നാ താനും കോഡ് പറ..

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

മതി മതി......കാര്യം പറ...

ഇവിടെ കുറെ അലവലാതികള്‍ വാള്‍ സ്ട്രീറ്റില്‍ കയറി കുത്തിയിരുപ്പാണ് സര്‍..

എന്നാത്തിനാ..

ഭരണമാറ്റം വേണം, സര്‍ക്കാര്‍ ഇടപെടണം, ഓക്കുമരത്തൊലി എന്നൊക്കെ പറയുന്നു..

ഓ ഇവടത്തെ ആ ഡിഫി പിള്ളേരെപ്പോലെ അവിടേം ഉണ്ടല്ലേ..

ഉം..ശല്യങ്ങള്‍...അവന്മാരിങ്ങനെ ഇരുന്ന് സംഭവം മൂത്താ എല്ലാം ചെലപ്പോ പൊതുമേഖലയില്‍ പോകും..സര്‍ക്കാരിടപെടല്‍ ശക്തമാകും..

അയ്യോ..അത് സമ്മതിക്കരുത്..

അതിനാ സാറിനെ വിളിച്ചത്..സാറ് വന്ന് ഇവന്മാരെ ഒന്ന് വെരട്ടണം..

ഞാന്‍ വെരട്ടിയാല്‍ വെരളുമോ?

കര്‍ത്താവ് വരെ വെരളും സാറേ...സാറ് ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്. ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് നല്ല മണി മണി പോലത്തെ ഇംഗ്ലീഷി കാച്ചണം

അതിനെനിക്ക് ഇംഗ്ലീഷ് പൊത്തും പിടിയും ആണല്ലോ.

സാറ് പേടിക്കണ്ട..ഇംഗ്ലീഷില്‍ പറയണ്ടതൊക്കെ നല്ല മലയാളത്തില്‍ നമ്മടെ റൈറ്റര്‍മാര്‍ എഴുതിവെച്ചിട്ടുണ്ട്..അത് ചുമ്മാ വായിച്ചാല്‍ മതി..

ഓക്കെ..ഫോക്സ് ന്യൂസിലൊക്കെ വരൂല്ലേ?

പിന്നില്ല്യേ...വൈകീട്ട് ചാനല്‍ ചര്‍ച്ചക്കും വിളിച്ചേക്കും..

അപ്പ ഞാനെത്തിക്കഴിഞ്ഞു...

വിമാനം അയക്കാം സാ‍ര്‍.

വേണ്ട..വേണ്ട..ഒബാമ എയര്‍ഫോഴ്സ് വണ്‍ അയച്ചിട്ടുണ്ട്. അതില്‍ കയറി അഫ്ഗാനിസ്ഥാനില്‍ പോയി താലിബാൻ‌കാരെ ഓടിച്ചിട്ട് അങ്ങോട്ട് വരാം..

നന്ദി സാര്‍..സാറൊരു ആയുധമാണ് സാര്‍..ഉമ്മനും ഒബാമക്കും ഈ പാവം റെയ്മണ്ടിനും ഒക്കെ ഉപയോഗിക്കാന്‍ പറ്റിയ സൈസ് സാധനം..

ഒരു കണ്ടീഷനുണ്ട്..‍..

പറയൂ സാര്‍

അവിടത്തെ പോലീസുകാരെ എന്താ വിളിക്കുന്നേ?

കോപ്പ് എന്നാണ് സര്‍

കോപ്പോ?

മലയാളത്തിലെ കോപ്പല്ല, ഇംഗീഷിലെ സി ഒ പി കോപ്പ്

എന്നാ അത് മാറ്റി അവരെയും ഇനി മുതല്‍ പി.സി. എന്ന് വിളിക്കണം.ഇവിടെ അങ്ങനാ..മാമല കടന്ന് പീസീം വളരട്ടേന്ന്..

ഡണ്‍ സര്‍.

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് നാടോടിക്കാറ്റിലെ വിജയന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോന്നിനും ഓരോ സമയമുണ്ട് പീസീ..



രംഗം മൂന്ന്..



പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് രണ്ടാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..സ്ത്രീ ശബ്ദം



ഹലോ..

പിസിയുടെ ആത്മഗതം : വിക്റ്റോറിയാ രാജ്ഞിയായിരിക്കും നല്ല കോളു തന്നെ ഇന്ന്..

(പ്രകാശം) ഹലോ വിക്ടോറിയാ രാജ്ഞ്യല്ലേ..ശബ്ദം കേട്ടപ്പഴേ മനസിലായി..

അവളൊന്നുമല്ല സാറേ...ഇത് സാറിന്റെ മണ്ഡലത്തില്‍ തന്നെ ഉള്ള ഏലിയാമ്മയാ.

ഓ പറ..

സാറിന്റെ ഒരു സഹായം ആവശ്യമുണ്ടായിരുന്നു..

എന്തോന്ന് സഹായം..

നമ്മടെ വീട്ടിലെ തൊട്ടി കിണറ്റില്‍ വീണു സാറേ..

അതിനു ഞാനെന്നാ വേണം..

പാതാളക്കരണ്ടിയൊക്കെ ഇട്ട് ഇളക്കിയിട്ട് കിട്ടുന്നില്ല സാറേ..

എറങ്ങിത്തപ്പ് ഏലിയാമ്മേ..

എറങ്ങാനൊന്നും ഇവിടാരുമില്ല സാറേ..

എന്നാ പോട്ടെന്ന് വെയ്യ്..

അത് പറ്റൂല്ല സാറേ..അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന തൊട്ടിയാ..

ഇത് ശല്യമായല്ലോ..ഞാനെന്നാ വേണം..വോട്ട് ചെയ്തത് എനിക്ക് തന്നാണല്ലോ അല്ലേ?

കുത്തിയത് സാറിനിട്ട് തന്നെ സാറേ.....സാറ് വന്ന് സാറിന്റെ ഏഴുമുഴം നീളമുള്ള നാക്കിട്ട് ഇളക്കി അതൊന്ന് തപ്പിയെടുത്ത് തരണം..

എന്റെ നാവിനു ഏഴുമുഴം നീളമുണ്ടെന്ന് ഏലിയാമ്മയോട് ആരാ പറഞ്ഞേ?

ഞങ്ങളെന്നും ചാനലില്‍ കാണുന്നതല്ലേ സാറേ..ജീപ്പ് അയക്കാം. സാറ് വരുമോ?

യു.ഡി.എഫുകാര്‍ മൊബൈല്‍ കൈമാറിക്കളിക്കുന്നതു പോലെ പി.സി. ഫോണ്‍ തറയിലേക്ക് ശക്തമായി ‘കൈമാറുന്നു.എന്നിട്ട് റാംജിറാവിലെ ഇന്നസെന്റിന്റെ ശബ്ദത്തില്‍ പറയുന്നു..വിക്ടോറിയ കെടക്കണ്ടോടത്ത് ഏലിയാമ്മ കെടന്നാ ഇങ്ങനെ ഇരിക്കും..


കര്‍ട്ടണ്‍ !!!!!



കടപ്പാട് :f b shamsu kadoor

Saturday, October 8, 2011

ചെഗുവേര -ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന നക്ഷത്രം


ചെഗുവേര എന്നും പ്രിയപ്പെട്ട ചെ എന്നും ലോകമെമ്പാടും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ചെ . അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു പ്രിയപ്പെട്ട ചെ.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ‍ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി. ഗ്വാട്ടിമലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ ഒരു തസ്തിക വഹിക്കുകയും ചെയ്തു.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദ്യേശത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നോക്കി നില്‍ക്കാതെ 1965-ൽ കോംഗോയിലെയും ബൊളീവിയയിലെയും പാവങ്ങള്‍ക്ക് വിപ്ലവത്തിലൂടെ സ്വാതന്ത്രം നേടിക്കൊടുക്കുക എന്നാ ലക്ഷ്യത്തോടെ ക്യൂബ വിട്ട ധീര വിപ്ലവകാരിയാണ് ചെഗുവേര ...

1967 ഒക്‌ടൊബര്‍ 9 ന് സി ഐ എ യും അമേരിക്കന്‍ കൂലിപ്പട്ടാളവും ചേര്‍ന്നു ബോളിവിയയിലെ വാലിഗ്രനേഡിനടുത്തുള്ള ഹിഗുവേര ഗ്രമത്തില്‍ വെച്ച് പകല്‍ 1.10 നാണു‍ ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത് .... വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ......

44 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവേരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവേരയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു. മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള ധീരന്മാരുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്...


ചെയുടെ വിരിമാറിലേക്ക് വെടിയുണ്ട പായിക്കുന്നതിനുമുമ്പ് അവസാനമായി എന്തെങ്കിലും സന്ദേശം ആരെയെങ്കിലും അറിയിക്കാനുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ആ മഹാവിപ്ലവകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നു. "എനിക്കറിയാം, നിങ്ങള്‍ എന്നെ വെടിവയ്ക്കാന്‍ പോവുകയാണ്.
ഞാന്‍ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദലിനോടു പറയൂ; ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്; വിപ്ലവം വിജയശ്രീലാളിതമാവും മറ്റിടങ്ങളില്‍ ...

വസന്തത്തിന്റെ ഇടിമുഴക്കത്തിന്‌ കാതോര്‍ത്ത ഒരുകാലത്തിന്റെ നീറുന്ന സ്മരണകളായി വിപ്ലവത്തിന്റെയും സമര്‍പ്പണത്തിന്റെയും അണയാത്ത ജ്വാലയായിരുന്നു "ചെഗുവേര "എന്ന ചുവന്ന നക്ഷത്രം.
ചെഗുവേര പ്രിയപ്പെട്ട ചെ യുടെ ജ്വലിച്ചു നില്‍ക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു !!!!!































Code 1.1