നാല്പതു കൊല്ലത്തിനു ശേഷമാണെങ്കിലും വര്‍ഗീസ് വധത്തിന്റെ പേരില്‍ ഉന്നത പോലീസ് ഓഫീസര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചത് നല്ലകാര്യം തന്നെ. പക്ഷേ, ലക്ഷ്മണ എന്ന അന്നത്തെ ഡിവൈഎസ്പിയെ മാത്രം ശിക്ഷിച്ചതുകൊണ്ട് കാര്യമായോ.
ഇല്ലെങ്കില്‍ പിന്നെ ആരെയൊക്കെയാണു നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത്. മില്യന്‍ ഡോളര്‍ സംശയമാണിത്. പക്ഷേ, ആര്‍ക്കു കഴിയും തിരുത്താന്‍. വര്‍ഗീസ് കൊല്ലപ്പെട്ട കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോന്‍, ആഭ്യന്തര മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ എന്നിവരൊന്നും ഇന്നു ജീവിച്ചിരിപ്പില്ല. ഇന്നത്തെ ഡിജിപിയുടെ റാങ്കില്‍ അന്നുണ്ടായിരുന്ന ഐജി ഗാപാലനും ഇല്ല. പിന്നെയാരുടെ നേരേ വിരല്‍ചൂണ്ടും എന്നതാണു സംശയം.
എന്നാല്‍ അവരാരും ജീവിച്ചിരിപ്പില്ലെങ്കിലും ലക്ഷ്മണയ്ക്കു വേണമെങ്കില്‍ പറയാവുന്നതേയുള്ളു കാര്യം. കേരളത്തിലെ നക്‌സല്‍ ഭീഷണി ഇല്ലാതാക്കാന്‍ അവരുടെ വീരനായകന്‍ വര്‍ഗീസിനെയങ്ങു കൊന്നുകളയാന്‍ തിരുവനന്തപുരത്തുനിന്നൊരു സന്ദേശം വന്നിട്ടുണ്ടാകുമെങ്കില്‍, അതാരില്‍ നിന്ന്?
ഏതായാലും ഡിവൈഎസ്പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ തനിയെ തീരുമാനിക്കുമോ. സാധ്യത കുറവാണ്. പക്ഷേ, അന്ന് ഡിഐജിയായിരുന്ന പി.വിജയനല്ല, മറിച്ച് ഡിവൈഎസ്പി തന്നെയാണു വര്‍ഗീസിനെ കൊല്ലാന്‍ മുന്‍കയ്യെടുത്തതെന്നാണല്ലോ വന്നിരിക്കുന്നത്. അപ്പോള്‍ നക്‌സല്‍വേട്ട സ്‌പെഷലിസ്റ്റായിരുന്ന ഡിവൈഎസ്പിക്ക് മുകളിലുള്ളവരുമായി നേരിട്ടുതന്നെ ബന്ധമുണ്ടായിരുന്നിരിക്കാം.
ഇതൊന്നും ഊഹിച്ചു പറയേണ്ട കാര്യങ്ങളല്ല. ഇനി ലക്ഷ്മണ പറയട്ടെ. ഇത്രകാലവും അദ്ദേഹം പറഞ്ഞിട്ടില്ല. ഇപ്പോഴാണല്ലോ സിബിഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ പറഞ്ഞത് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ നടപ്പാക്കുക മാത്രമാണു ചെയ്തതെങ്കില്‍, ഈ വാര്‍ധക്യത്തില്‍ അതു നിയമപരമായി ഏതെങ്കിലും വിധത്തില്‍ അദ്ദേഹത്തിനു ഗുണകരമാകുമെങ്കില്‍ പറയേണ്ടതാണ്. പറയുമോ? പറയുമായിരിക്കും.
ഏതായാലും ഏറ്റുമുട്ടല്‍ കൊലപാതകം എന്നത് നമ്മുടെ രാജ്യത്ത് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുരുക്കാകുന്ന ഇക്കാലത്ത് ലക്ഷ്മണയ്ക്ക് നാലു പതിറ്റാണ്ടിനു ശേഷം ലഭിച്ച ശിക്ഷ ആരുടെയെങ്കിലുമൊക്കെ കണ്ണുതുറപ്പിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കാം. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പ്രകൃതി നിയമമാണല്ലോ ഇവിടെ നടപ്പായത്.
ഇതിനിടയില്‍ രസകരമായ ഒരു മാധ്യമ മല്‍സരം നടക്കുന്നതു ശ്രദ്ധിച്ചോ. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലാണല്ലോ വര്‍ഗീസ് വധം എന്ന ഭൂതത്തെ തുറന്നുവിട്ടത്. ആ വെളിപ്പെടുത്തല്‍ ആദ്യം പ്രസിദ്ധീകരിച്ചത് മാധ്യമമാണെന്ന് അവരും അതല്ല, തങ്ങളാണെന്നു മനോരമയും പറയുന്നു. ഏതായാലും വെളിപ്പെടുത്തല്‍ വന്‍ ശ്രദ്ധ നേടുകയും അതിന്റെ പേരില്‍ കോടതിയുടെ ശിക്ഷാവിധിയും വരെ വന്നതല്ലേ, അവര്‍ തര്‍ക്കിക്കട്ടെ.
പക്ഷേ, ഇപ്പോഴും പലയിടത്തും പല വിധത്തില്‍ അത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടല്ലോ. അതൊക്കെ അന്വേഷിച്ചു പുറത്തുകൊണ്ടുവന്ന് നീതി വാങ്ങിക്കൊടുക്കുമോ. അതിനു തയ്യാറാകുമോ മനോരമയും മാധ്യമവും മറ്റും. അതല്ലാതെ, ഒരു വയസന്‍ നട്ടെല്ലോടെ പറഞ്ഞ കാര്യങ്ങള്‍ റീപ്രിന്റ് ചെയ്തതിനെക്കുറിച്ചു മേനി നടിക്കുന്നത് വലിയ കാര്യമൊന്നുമല്ല.
Subscribe to:
Post Comments (Atom)






0 comments:
Post a Comment